രാജാക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി. നവാഗതരായ കുരുന്നുകളെ ബലൂണുകളും മിഠായികളും നൽകിയാണ് സ്വീകരിച്ചത്. തുടർന്ന് സ്കൂൾ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ്എംസി ചെയർമാൻ റോയി പാലക്കാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് നബീസത്ത് ബീവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.എസ്. രഹ്ന നന്ദിയും അർപ്പിച്ചു. ചടങ്ങിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ എ പ്ലസ് നേടിയവരെയും എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് നേടിയവരെയും ആദരിച്ചു.